ഒത്തിരിയോട് ഒത്തിരി സ്നേഹം

മനസ്സില്‍ പ്രത്യേക ചിന്തകളൊന്നും ഉണ്ടായിട്ടായിരുന്നില്ല മോളോട് ഞാന്‍ ആ സന്ധ്യക്ക് ആകാശം കാട്ടിത്തരാം എന്ന് പറഞ്ഞത്. അവളെയും എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങിനിന്ന് “ദേ നോക്കെടാ “ എന്നുംപറഞ്ഞ് ആകാശത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവിടേക്ക് നോക്കും വരെ ഉള്ള മനസ്സായിരുന്നില്ല എനിക്ക് അതുകണ്ടുകഴിഞ്ഞപ്പോള്‍.

വെളിയില്‍ നേര്‍ത്ത തണുപ്പുണ്ടെങ്കിലും മഞ്ഞിന്‍റെയോ മഴക്കാറിന്റെയോ മറയില്ല. നല്ല കോവല് പൂത്തുകിടക്കുംപോലെയുള്ള ആകാശം കണ്മുന്നില്‍ തെളിഞ്ഞുകാണാം. അപ്പോള്‍ എന്‍റെ മനസ്സില്‍പൂത്ത പൂക്കളുടെ മണം ഞാന്‍ മാത്രമറിഞ്ഞനുഭവിച്ചു.

Why do humans feel curiosity and liking when they see anything in groups or large numbers?
Generated by @sknachari

അപ്പോള്‍ ഞാന്‍ ഓര്‍ത്തു “ശരിയാണല്ലോ ഒരുപാട് നാളായല്ലോ ഞാനും രാത്രിയില്‍ ആകാശം കണ്ടിട്ട്. ഈ തിളങ്ങുന്ന രാത്രിയുടെ സൗന്ദര്യം ഇടക്കെങ്കിലും നാം കാണേണ്ടതല്ലേ ” എന്ന്. രാത്രിയിലും പകലുമായി പലതവണ കണ്ടിട്ടുണ്ടേലും ഓര്‍ത്തിരിക്കാത്ത നിശ്ചല ദൃശ്യമാണ് പലപ്പോഴും ആകാശം. സംശയമുണ്ടോ നിങ്ങള്‍ക്ക്?

അവസാനമോ എന്നേലുമോ നേരില്‍ കണ്ട ആകാശത്തെ ഒന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കൂ. ഇത്ര സുപരിചിതമെങ്കിലും അത്ര വേഗം ഓര്‍മ്മകള്‍ പിടിതരുന്നില്ലയെന്നു മനസ്സിലായിക്കാണുമല്ലോ?

മനസ്സ് കൂടുതല്‍ ചിന്തകളിലേക്ക് വഴുതി വീഴും മുന്നെ അവള്‍ എന്‍റെ ഒക്കത്തിരുന്നുകൊണ്ട് ഉറക്കെ വിളിച്ചു “ അമ്മേ ….. എന്‍റെ അമ്മൂമ്മേ …. അപ്പൂപ്പാ …. ഓടിവാ ഒന്ന് … ഇത് കണ്ടോ… എനിക്ക് വായില്‍ വെള്ളമൂറുന്നു… ഇതുകണ്ടിട്ട് “

ആകാശത്തേക്ക് കൈ ഉയര്‍ത്തി പിടിച്ചിട്ട് വിരിഞ്ഞുനില്‍ക്കുന്ന നക്ഷത്ര കൂട്ടങ്ങളെ നോക്കി വീണ്ടും വീണ്ടും പറഞ്ഞു “ അപ്പാച്ചീ അത്… അത് .. കണ്ടിട്ട് എന്‍റെ വായില്‍ വെള്ളമൂറുന്നു”

അവളുടെ അത്യാഹ്ളാദത്തോടെയുള്ള പറച്ചില്‍ കേട്ട് താരങ്ങള്‍ പൊട്ടിച്ചിക്കുന്ന പോലെയാണ് പിന്നീടങ്ങോട്ട്എനിക്ക് തോന്നിയത്. ആഹ്ളാദം അണപൊട്ടിയൊഴുകിയ ആ വേളയില്‍ ആര്‍ക്കാണ് നക്ഷത്രങ്ങളോട് കൂടുതല്‍ അടുക്കാന്‍ തോന്നാത്തത്?

“നമുക്ക് ഒന്നുകൂടി അടുത്തോട്ടു ചെന്നാലോ “ ഞാന്‍ പറഞ്ഞു. അതുകേട്ട് അമ്പരപ്പോടെ അവള്‍ എന്നെ നോക്കുന്നതിനിടയില്‍ ഞങ്ങള്‍ രണ്ടാളും രണ്ടാം നിലയിലെ തുറന്ന ഭാഗത്തെത്തി. നക്ഷത്രങ്ങളുടെ വളരെ അടുത്തെത്തി എന്ന മട്ടില്‍ വലിയ ഗമയിലാണ് ഇത്തവണ പുള്ളിക്കാരിയുടെ നില്‍പ്പ്.

“എനിക്ക് കൊതിയാവുന്നപ്പാച്ചീ … അത് കണ്ടിട്ട് “ ഇടയ്ക്കിങ്ങനെ പറയുന്നുമുണ്ടവള്‍.

ഈ ആകാശക്കാഴ്ച ഇത്രയ്ക്ക് ഇഷ്ടപ്പെട്ടോ ഇവള്‍ക്ക് എന്ന് ഞാന്‍ അതിശയിച്ചു. എന്നിട്ട് വെറുതെ ഒന്ന് ചോദിച്ചു “എന്താ ഇത്ര കൊതി വരാന്‍ “ എന്ന്.

“ഒത്തിരി നക്ഷത്രങ്ങള്‍ ഉണ്ടല്ലോ ഇത് …. എല്ലാത്തിനേയും കൂടി ഇങ്ങു പിടിച്ച് റൂമില്‍ കൊണ്ടുവന്നാരുന്നേല്‍…. എനിക്ക് കളിക്കാമാരുന്നു… ഒത്തിരിയൊണ്ടല്ലോ അതാ …”

പുറത്തു കാട്ടിയില്ലേലും ഉള്ളില്‍ ചിരിച്ചുകൊണ്ട് തലകുലുക്കി അവളോടൊപ്പം ചേര്‍ന്നു.

ഭാഗം 2: “ഒത്തിരി” ചിന്ത

അതിനു ശേഷം ചിന്ത ഒത്തിരിയെ ചുറ്റിപ്പറ്റിയായിരുന്നു. കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ഒത്തിരി പ്രേമം മുതിര്‍ന്നാലും നമ്മെ വിട്ടുപോകുന്നില്ല എന്നതാണ് സത്യം.

കുട്ടിക്കാലത്ത് ഒത്തിരി കളിപ്പാട്ടങ്ങളും ചോക്ലേറ്റ്സും കൊതിച്ചിരുന്നെങ്കില്‍ വളരുംതോറും ഒരുപാട് “ഒത്തിരിയെ” ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇവിടെ മനുഷ്യന്‍റെ ആര്‍ത്തി അല്ല ഒത്തിരികൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് അവന്‍റെ മനസ്സില്‍ സന്തോഷം നിറക്കാന്‍ കെല്‍പ്പുള്ള ചിലതിനെ.

ഒരു മഞ്ചാടിക്കുരു അത്ര കൗതുകം തോന്നിപ്പിക്കാറില്ലേലും ഒരു കൂന മഞ്ചാടിക്കുരു കണ്ടാല്‍ ആര്‍ക്കാണ് ഒന്ന് വാരിനോക്കാന്‍ തോന്നാത്തത് ?

ഒന്നും വാങ്ങാനല്ലേലും ഒത്തിരി സാധനങ്ങള്‍ ഉള്ള വലിയ ഷോപ്പില്‍ കയറാനല്ലേ ആള്‍ക്കാര്‍ക്ക് ഇഷ്ടം. പൂവായാലും പഴം പച്ചക്കറികള്‍ ആയാലും, മീന്‍ ആയാലും തുണി ആയാലും ആഭരണങ്ങള്‍ ആയാലും ഒത്തിരി ഉണ്ടെങ്കില്‍ കാണുമ്പോള്‍ തന്നെ ഒരു സന്തോഷം അല്ലേ?

കുറിഞ്ഞിപ്പൂ പൂവുകളില്‍ അത്ര ശ്രേഷ്ഠമല്ലേലും കുറിഞ്ഞിപ്പൂമെത്ത വിരിച്ച നീലഗിരി കുന്നുകള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?

എവിടെ ആയാലും “ഒത്തിരി” ആളുകൂടുന്നിടത്ത് ഒന്ന് ചെന്ന് എത്തിനോക്കാനെങ്കിലും ഇഷ്ടപ്പെടാത്തവരായ് ആരുണ്ട്‌ ? അങ്ങനെ മാത്രം വിജയിച്ച സമരങ്ങളും നമ്മള്‍ കണ്ടിട്ടില്ലേ?

ഒറ്റപ്പെട്ട് പൊട്ടുന്ന പടക്കമല്ലല്ലോ ഏവര്‍ക്കും പ്രിയം മറിച്ച് തുരുതുരെ പൊട്ടുന്ന മാലപ്പടക്കം അല്ലേ ? ഒരു ചെണ്ട ശബ്ദം എന്താകാന്‍ ഒത്തിരി ചെണ്ട ഒരുമിച്ചു കൊട്ടുമ്പോളല്ലേ ഏവര്‍ക്കും ഒരാവേശമാകുന്നത്. ഇവിടെയെല്ലാം കാഴ്ചയിലെ “ഒത്തിരി” കണ്ണിന് വിരുന്നാണേല്‍ കേള്‍വിയിലെ “ഒത്തിരി” ഇമ്പമുള്ള താളമാകുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും ഒത്തിരിയെ സ്നേഹിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. ശരിയല്ലേ ? (ഒത്തിരി സ്നേഹവും… ഒത്തിരി കൊതിയും… ഒത്തിരി ഉമ്മയും… മറന്നുപോയതല്ല കേട്ടോ )

About SKN ACHARI

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.