ബ്ലോഗിങ്ങ് ഇക്കാലത്ത് വിജയിക്കുമോ?

ബ്ലോഗിങ്ങ് മരിച്ചോ?  ഇനിയതിന് പ്രാധാന്യമുണ്ടോ? പ്രത്യേകിച്ച് പുതിയകാലത്ത് ബ്ലോഗ് ചെയ്യുന്നത്കൊണ്ട് എന്തേലും ഗുണമുണ്ടോ എന്ന് ഒരുപാട്പേർ ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കുന്നവർക്കുള്ള മറുപടികൂടിയാണ് എന്റെ ബ്ലോഗുകളും ചാനലും. പെട്ടെന്നൊരു വളർച്ച വരുന്നില്ലെങ്കിൽ പോലും ബ്ലോഗിങ്ങ് സംബദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്ന രണ്ടിനും  ചെറിയരീതിയിൽ എങ്കിലും വളർച്ചയുണ്ടാകുന്നതായി നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ട്.

അതായത് ചാനലിന് 11000 Subscribers ആയപ്പോൾത്തന്നെ നമുക്കറിയാം അത്രയും ആൾക്കാര് ഈ മേഖലയെക്കുറിച്ച് പഠിക്കാനായിട്ട് ആഗ്രഹം കാണിക്കുന്നുണ്ട് എന്ന്. ആദ്യം വളരെ കുറഞ്ഞ നിരക്കിലായിരുന്നു അതിൻ്റെ വളർച്ചയെങ്കിൽ പിന്നീടതിന് കുറച്ചുകൂടി വേഗത കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖല പൂർണ്ണമായും തള്ളിക്കളയാൻ നമുക്ക് പറ്റില്ല. എങ്കിലും മരിച്ചോ എന്ന ചോദ്യത്തിന് ഉത്തരമായി ഒരുതരത്തിൽ വേണമെങ്കിൽ മരിച്ചെന്നും മറ്റൊരു രീതിയിൽ മരിച്ചില്ലെന്നും പറയാം. മരിച്ചു എന്ന് പറയുന്നതിന് കാരണം ആദ്യം നോക്കാം.

എവിയാണ് ബ്ലോഗ് തളർന്നത്?

പഴയകാലത്തെ ബ്ലോഗിങ്ങ് എന്നുപറയുന്നത് വളരെ വ്യക്തിപരമായ കാര്യങ്ങൾ എഴുതുവാനായി ഉപയോഗിച്ചിരുന്ന ഒരു സങ്കേതമായിരുന്നു. ആൾക്കാർ ഡയറി എഴുതുന്നതിനുപകരമായി കാര്യങ്ങൾ ഓൺലൈനിൽ എഴുതിസൂക്ഷിക്കുന്നതും അത് അറിയാൻ താല്പര്യമുള്ളവർക്കായി വായിക്കാനുള്ളഒരിടം എന്ന ഒരു രീതി മാത്രമായിരുന്നു അത്. എന്നാൽ സോഷ്യൽ മീഡിയകൾ അത്തരം കാര്യങ്ങൾ കയ്യടക്കിയതോടെ പഴയകാല ബ്ലോഗ്ഗിങ്ങിന് ഇപ്പോൾ പ്രസക്തി തുലോം തുശ്ചമാണ്. അത് തന്നെ ചില സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരിൽ മാത്രമായി ഒതുങ്ങുന്നുതാനും.  ആ രീതിൽ വേണമെങ്കിൽ ബ്ലോഗിങ്ങ് മരിച്ചു എന്ന് നമുക്ക് പറയാം.

ഇനി എവിടെയാണ് ബ്ലോഗിങ് തളരുന്നത് എന്ന് ചോദിച്ചുകഴിഞ്ഞാൽ അത് പലതരത്തിലുള്ള വിഷയങ്ങളെ ഒരുമിച്ചു കൈകാര്യം ചെയ്യുന്നവർക്കാണ് എന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് ന്യൂസ് പോർട്ടൽ അല്ലെങ്കിൽ മാഗസിൻ പോലുള്ള ബ്ലോഗുകളാണ് നമുക്കിടയിലുള്ളവർ കൂടുതലും നിർമ്മിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ബ്ലോഗുകൾ വളരാനുള്ള സാധ്യത വളരെക്കുറവാണ് എന്നുതന്നെ പറയാം.

ഒരുകാലത്ത് ഇത്തരത്തിലുള്ള സൈറ്റുകൾക്ക് നല്ലരീതിയിൽ കാഴ്ചക്കാരെ കിട്ടുന്നുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഇപ്പോൾ രീതികൾ എല്ലാംതന്നെ മാറിയിരിക്കുന്നു. നല്ല കാമ്പുള്ള പ്രയോജനകരമായ എഴുത്തുകൾക്കാണ് സെർച്ച് എൻജിനുകൾപോലും പ്രാധാന്യം കൊടുക്കുന്നത്.  അതായത് നമ്മുടെ വായനക്കാർ എന്താണ് ആഗ്രഹിക്കുന്നത് അല്ലെങ്കിൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ വായനക്കാരെ പിന്തുടരുകയാണ് Google ചെയ്യുന്നത്.

അവർക്ക് എന്താണോ ആവശ്യം അത് എത്തിച്ചുകൊടുക്കുക എന്നതാണ് സെർച്ച് എൻജിനുകൾ ഇപ്പോൾ ചെയ്യുന്നത്. അതിനുവേണ്ടി ഒരു വർഷത്തിൽ തന്നെ ആയിരത്തിൽ കൂടുതൽ മാറ്റങ്ങളാണ് ഗൂഗിൾ പോലും അവരുടെ സെർച്ച് അൽഗോരിതത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. എന്നുവെച്ചാൽ ഒരു ദിവസം തന്നെ പല തവണ മാറ്റങ്ങൾ വരുന്നുണ്ട് എന്നുസാരം.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു കാലത്തുനിന്നുകൊണ്ട് വെറുതെ കുറെ അക്ഷരങ്ങൾ കൂട്ടി വെച്ചുകൊണ്ട് ഒരു ബ്ലോഗ് നിർമ്മിക്കുകയും അത് വളർത്തി അതിൽനിന്നും എന്തെങ്കിലും തരത്തിൽ സാമ്പത്തികനേട്ടം ഉണ്ടാക്കാൻ കഴിയുമെന്നും നിങ്ങൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടേൽ നിങ്ങൾക്ക് തെറ്റുപറ്റി. അത്തരത്തിൽ ബ്ലോഗ് വളർന്നിട്ടുണ്ടോ എന്ന് ചോദിക്കുകയാണെങ്കിൽ വളർന്നിട്ടില്ല പകരം തളരുകയാണ് ചെയ്തിട്ടുള്ളത് എന്ന് നിസ്സംശയം പറയാം.

എവിടെയാണ് ബ്ലോഗ് വളരുന്നത്?

കണക്കുകൾ പരിശോധിക്കുമ്പോൾ ബ്ലോഗിങ്ങിന്റെ പ്രാധാന്യം ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല എന്നതാണ് കാണാൻ കഴിയുന്നത്. നമ്മൾ ആഗോളതലത്തിലെ ഒരു കണക്കെടുക്കുകയാണെങ്കിൽ ഏകദേശം 2000 കോടിയോളം ബ്ലോഗ് വ്യൂസ് ഒരു മാസത്തിൽ തന്നെ ഉണ്ടാകുന്നുണ്ട്. അതായത് എല്ലാംകൂടി ഏകദേശം 100 കോടിയോളം ബ്ലോഗുകൾ ഉണ്ടെന്നാണ് ഇതേപ്പറ്റി ആഗോളതലത്തിൽ പഠിക്കുന്നവർ പറയുന്നത്. ഈ കണക്ക് കാണിക്കുന്നത് തന്നെ അതിൻ്റെ പ്രാധാന്യം അത്രകണ്ട് കുറഞ്ഞിട്ടില്ല എന്നുതന്നെയാണ്.

അതുപോലെ ലോകത്തെ 50 ശതമായതിൽ കൂടുതൽ ബിസിനസ്സ് സ്ട്രാറ്റജികളും ബ്ലോഗ്ഗിൽ കൂടിയാണ് നടപ്പാക്കുന്നത് എന്നതാണ് പറയപ്പെടുന്നത്.  ഈ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തന്നെ ബ്ലോഗിങ്ങ് മേഖലയിൽ 10 ശതമാനത്തിൽ കൂടുതൽ വളർച്ച അധികമായി  രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പല കണക്കുകളും കാണിക്കുന്നത്. അതുകൊണ്ട് ബ്ലോഗ്ഗിങ്ങിന്റെ ഭാഗമാകുമ്പോൾതന്നെ നമ്മൾ വലിയ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമായി മാറുകയാണെന്നത് പലരും മനസ്സിലാക്കുന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ ചെറിയ ഒരു ഭാഗത്തിന്റെ ഗുണം കിട്ടിയാൽ തന്നെ നമുക്കത് വലിയ ഗുണകരമായി മാറിയേക്കാം.

1. വളരുന്ന എസ്സ്. ഇ. ഒ. (SEO)  

ഇപ്പോഴും നമ്മൾ വിവരങ്ങൾ അറിയാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് Google പോലെയുള്ള സെർച്ച് എൻജിനിക്കുകളെയാണ്. സെർച്ചിങ് മേഖലയിൽ ഗൂഗിൾ കയ്യടക്കിവെച്ചിരിക്കുന്നത് ചെറിയ ഒരു ശതമാനമൊന്നുമല്ലയെന്ന് നമുക്കേവർക്കും അറിവുള്ളതാണ്. ആ മേഖലയിൽ ഏകദേശം 93% വും ഇപ്പോഴും കയ്യടക്കി വെച്ചിരിക്കുന്നത് Google തന്നെയാണ്. അതിൽത്തന്നെ വെറും 3% മാത്രമാണ് YouTube ന്റെ ഭാഗത്തുനിന്നുള്ളത് അപ്പോൾത്തന്നെ നമുക്ക് മനസ്സിലാവുന്നുണ്ട് എത്രമാത്രമാണ് Google ന്റെ പ്രാധാന്യമെന്നത്.

ഗൂഗിളിൽ തിരയുമ്പോൾ നമുക്ക് മുന്നിൽ വരുന്നതിൽ ഏറിയപങ്കും ബ്ലോഗുകളിൽ നിന്നുള്ള വിവരങ്ങളാണ് എന്നതും നമ്മൾ അറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ഉറപ്പിച്ചു പറയാം ബ്ലോഗുകളുടെ പ്രാധാന്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന്.

ഈ അടുത്ത സമയത്ത് ഏറ്റവും കൂടുതൽ അടക്കിവാഴുന്ന സോഷ്യൽ മീഡിയയ്ക്ക് പോലും സെർച്ച് മേഖലയിൽ വളരെ കുറഞ്ഞ പങ്കാളിത്തമേ ഉള്ളൂ എന്നത് മറ്റൊരു കാര്യമാണ്. അതായത് വെറും 0.96% മാത്രമാണ് ഈ മേഖലയിൽ Facebook നു പോലും ഉള്ളത്. Search എഞ്ചിനുകളിൽ ഗൂഗിളിന് തൊട്ടുപുറകേ നിൽക്കുന്ന Bing  ന് വെറും 2.3% ഉം Yahoo വിന് 1.5% ഉം മാത്രം പങ്കാളിത്തമേയുള്ളൂ എന്നതും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ബാക്കി വരുന്നതിൽ YouTube നെ മാറ്റി നിർത്തിയാൽ 90% വും Google ളിൽ കൂടി തന്നെയാണ് കാര്യങ്ങൾ അറിയുന്നത്. അതിൽത്തന്നെ ഏറിയപങ്കും Text Content തന്നെയാണ്. നേരത്തെ പറഞ്ഞപോലെ തന്നെ അവയെല്ലാം ഏതെങ്കിലുമൊക്കെ ബ്ലോഗിൽനിന്നുമുള്ളതുമാണ്.

അതുകൊണ്ട് തന്നെ ഏതെങ്കിലും രീതിയിൽ ആ 90 ശതമാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞാൽ തന്നെ നമുക്ക് നല്ലരീതിയിലുള്ള വളർച്ച കൈവരിക്കാൻ പറ്റും എന്നതും തർക്കമറ്റ കാര്യമാണ്.

അപ്പോൾ എവിടയാണ് ബ്ലോഗ് വളർന്നിട്ടുള്ളത് എന്ന് ചോദിച്ചാൽ അത് കൃത്യമായ Niche (നീഷ്) പിന്തുടർന്നുകൊണ്ട് ചെയ്തിട്ടുള്ള ബ്ലോഗുകളാണെന്ന് ഒരു സംശയായുമില്ലാതെ പറയാം.

2. മൈക്രോ ഇൻഫ്ലുവൻസർ (Micro-Influencers)

പുതിയ കാലത്ത് മൈക്രോ ഇൻഫ്ലുവൻസർ (Micro-Influencers) മാർക്കാണ് പ്രാധാന്യം കൂടിവരുന്നത്.  ഏതെങ്കിലും ഒരു മേഖലയിൽ അത് വളരെ ചെറിയതാണെങ്കിൽക്കൂടി കുറച്ച് ആൾക്കാരെ സ്വാധിനിക്കാൻ കഴിവുള്ളവരെയാണ് Micro-Influencers എന്ന് പറയുന്നത്. അവർ കൈകാര്യം ചെയ്യുന്ന മേഖലയിൽ ആഴത്തിലുള്ള അറിവ് അവർക്കുണ്ടായിരിക്കും എന്നതാണ് അവരുടെ പ്രത്യേകത. അവർക്കാണ് ഇപ്പോൾ വെബ്‌ലോകത്ത് പോലും വളരാൻ സാധ്യത കൂടുതലുള്ളത്.

അങ്ങനെയാകാനായിരിക്കണം നിങ്ങളോരോരുത്തരും ബ്ലോഗ്ഗിങ്ങിലൂടെ ശ്രമിക്കേണ്ടത് എന്ന് സാരം. അതായത് എല്ലാ വിഷയങ്ങളുംകൂടി എടുത്തു കൈകാര്യം ചെയ്യാതെ നമുക്ക് ഏറ്റവും താല്പര്യമുള്ളതും എന്നാൽ ഏറ്റവും കൂടുതൽ കാര്യങ്ങൾ എഴുതാൻ കഴിയുന്നതും അത്കൊണ്ട് വായനക്കാരന് ഏതെങ്കിലും തരത്തിൽ പ്രയോജനം ചെയ്യുന്നതുമായ ഒരു മേഖലതിരഞ്ഞെടുത്തു അതിൽ കേന്ദ്രീകരിച്ച് എഴുതുന്നതായിരിക്കും ഗുണകരം.

3. വായന അനുഭവം (User Experience on Blog)

അതുപോലെ തെന്ന നമ്മുടെ ബ്ലോഗ് വായിക്കാൻ വരുന്ന വായനക്കാരന് നമ്മുടെ ബ്ലോഗ് നൽകുന്ന അനുഭവം വളരെ പ്രധാനമാണ്. അതായത് നമ്മുടെ സൈറ്റിന്റെ വേഗത അതിൻ്റെ മൊത്തത്തിലുള്ള ഒരു ഭംഗി അതോടൊപ്പം ആ എഴുത്തിന്റെ വിശ്വാസ്യത അതുപോലെ നമ്മൾ വിവരങ്ങൾ എഴുതിയടുക്കിവെച്ചിരിക്കുന്ന രീതി എന്നിവ അതിൽപ്പെടും. കൂടാതെ എന്ത് വിവരം തേടിയാണോ അദ്ദേഹം നമ്മുടെ ബ്ലോഗിൽ എത്തിയത് അത് വളരെവേഗത്തിൽ കിട്ടുന്നുണ്ടോ എന്നതും വളരെ പ്രധാനമാണ്. User Experience എന്നാണ് ഗൂഗിൾ ഇതിനെ മൊത്തത്തിൽ പറയുന്നത് തന്നെ. ഇത്തരത്തിൽ നല്ല User Experience പ്രദാനം ചെയ്യുന്ന ബ്ലോഗുകളും സൈറ്റുകളുമാണ് ഇനിയുള്ളകാലത്ത് Search Result ആയി വരാൻപോകുന്നത്.

മേൽപറഞ്ഞതിനു വിരുദ്ധമായ എഴുത്തുകൾ നമ്മൾ മറ്റേതെങ്കിലും രീതിൽ തന്ത്രപരമായി സെർച്ചിൽ മുകളിൽ കൊണ്ടുവന്നാലും അധികം താമസിയാതെതന്നെ അത് വളരെ പിന്നിൽ പോകുമെന്നത് തർക്കമറ്റ കാര്യമാണ്. നല്ല പ്രയോജനകരമായ Content മാത്രമേ നിലനിൽക്കുകയുളൂ എന്നുസാരം.

ചിലർ പറയുന്നപോലെ രണ്ടായിരം അല്ലേൽ മൂവായിരം വാക്കുകളുള്ള ബ്ലോഗുകൾ എഴുതിയാൽപ്പോലും സെർച്ചിൽ വരണമെന്നില്ല. നമ്മളുടെ ആർട്ടിക്കിൾ എത്രമാത്രം ഒരാൾക്ക് സഹായകരമാകുന്നു അല്ലേൽ അത് എത്രമാത്രം അറിവ് അദ്ദേഹത്തിന് നൽകുന്നു അതുമല്ലേൽ അതിലൂടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ എത്രമാത്രം പരിഹരിക്കാൻ കഴിയുന്നു എന്നതൊക്കെയാണ് ഇപ്പോൾ മാനദണ്ഡമായി വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഏതെങ്കിലും രീതിയിൽ വായനക്കാരന് സംതൃപ്തി നൽകുന്ന എഴുത്തുകളും ബ്ലോഗുകളും മാത്രമേ ഇപ്പോൾ വിജയിക്കുകയുള്ളൂ.

അതുപ്പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ ബ്ലോഗുകൾ അല്ലേൽ വെബ്സൈറ്റുകൾ Mobile Friendly ആണോ എന്നത്. മൊബൈൽ ഫോണുകൾ വഴിയാണ് ഇപ്പോൾ കൂടുതൽ പേരും വായിക്കുന്നതും കാണുന്നതുമൊക്കെ അതുകൊണ്ടുതന്നെ Mobile Optimization എന്നത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്.  ഇതും നേരത്തെ ഞാൻ സൂചിപ്പിച്ച യൂസർ എക്സ്പീരിയൻസ് (User Experience) എന്നതിൽ ഉൾപ്പെടുന്നതാണ്.

4. ബ്രാൻഡിങ് സാദ്ധ്യത 

വെറും ഒരു ബ്ലോഗ് എന്നതിൽനിന്നും ബ്ലോഗിനെ ഒരു ബ്രാൻഡ് ആക്കി വളർത്തുക എന്നത് പുതിയ കാലത്തിന്റെ ആവശ്യമാണ്. അതിനുവേണ്ടുന്ന എല്ലാ തന്ത്രങ്ങളും ഓരോ ബ്ലോഗ്ഗർ മാറും പ്രയോഗിക്കേണ്ടത് അത്യാവശ്യവുമാണ്. കാരണം ബ്രാൻഡുകൾക്ക് കൂടുതൽ പ്രാധാന്യം Google പോലും നൽകാറുണ്ട് എന്ന് ഗൂഗിൾ ഇൻസൈഡർ മാർ (Google Insiders) പലപ്പോഴും പറയാറുണ്ട്. ബ്രാൻഡിന്റെ വിശ്വാസ്യതക്ക് അനുസരിച്ച് അതിൻ്റെ റീച്ചും വിസിബിലിറ്റിയും കൂടുന്നതായി കാണുന്നുണ്ട്.

കൂടാതെ ബ്ലോഗ് വളർന്നുവരുന്നമുറയ്ക്ക് തന്നെ അതിനെ ഒരു മാർക്കറ്റിംഗ് ടൂൾ ആയി ഉപയോഗിക്കാനും കഴിയണം. നമുക്ക് സ്വന്തമായി പ്രോഡക്റ്റ് അല്ലേൽ സർവീസ് ഉണ്ടെങ്കിൽ അത് വിൽക്കാം ഇനി അതിനു കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരുടെ സാധനങ്ങൾ അല്ലേൽ സേവനങ്ങൾ നമുക്ക് നമ്മുടെ ബ്ലോഗ്‌വഴി പ്രൊമോട്ട് ചെയ്യാവുന്നതുമാണ്. അതുപോലെ തന്നെ വിവിധതരത്തിലുള്ള അഫിലിയേറ്റ് മാർക്കറ്റിംഗിന്റെ (Affiliate Marketing) സാധ്യതകളും പ്രയോജനപ്പെടുത്തി സാമ്പത്തികമായ നേട്ടമുണ്ടാക്കാൻ ശ്രമിക്കേണ്ടതാണ്. ഇന്ന് ഏറ്റവും കൂടുതൽ കാശൊഴുകുന്ന ഒരു മേഖലകൂടിയാണ് Affiliate Marketing എന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

അതിനിടയിലും പലരും ചോദിക്കുന്ന ചോദ്യമാണ് YouTube ചാനൽ തുടങ്ങണോ അതോ ബ്ലോഗ് തുടങ്ങണോ എന്ന്. അതിനുള്ള വിശദമായ ഉത്തരം ഞാൻ ഒരു വിഡിയോയിൽ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് സംശയം ഉള്ളവർക്ക് അത് കാണാം.

അതുകൊണ്ട് നിങ്ങളോട് പറയാനുള്ളത് എന്തെന്നുവെച്ചാൽ നിങ്ങൾ Niche Based ആയിട്ടുവേണം ബ്ലോഗുകൾ നിർമ്മിക്കാനും അത് വളർത്താനും. എന്നിട്ട് മേല്പറഞ്ഞപോലെ ഒരു മാർക്കറ്റിംഗ് ടൂൾ ആയി അതിനെ വളർത്തിക്കൊണ്ട് വരിക. എങ്കിൽ മാത്രമേ ബ്ലോഗിൽ നിന്നും ഒരു സാമ്പത്തിക നേട്ടം ഇക്കാലത്തു ഉണ്ടാക്കാൻ കഴിയു. എങ്ങനെയാണ് ഒരു നീഷ് കണ്ടെത്തുന്നത് എന്ന് അറിയില്ലെങ്കിൽ അതെപ്പറ്റി വിശദമായ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് കണ്ടിട്ടില്ലേൽ താഴത്തെ ലിങ്ക് വഴി കാണാൻ മറക്കേണ്ട.

അപ്പോൾ ഇത്രനേരവും ഞാൻ പറഞ്ഞതിന്റെ സംഗ്രഹം എന്തെന്നുവെച്ചാൽ ബ്ലോഗിങ്ങ് മരിച്ചിട്ടില്ല എന്നതുതന്നെയാണ് അതുമല്ല ഇനി വരാവുപോകുന്ന അടുത്ത പത്തുവർഷത്തിനുള്ളിലും ബ്ലോഗിങ്ങ് മേഖലയ്ക്ക് ഒരു കോട്ടവും തട്ടാനും സാധ്യതയില്ല എന്നതാണ്. എന്നാൽ അതോടൊപ്പം തന്നെ ഒരുകാര്യം ഉറപ്പിച്ചുപറയേണ്ടതുണ്ട് അത് മറ്റൊന്നുമല്ല ബ്ലോഗിങ്ങ് മാറിക്കൊണ്ടിരിക്കുകയാണ് ഇനിയും ഒരുപാട് മാറാൻ സാദ്ധ്യതയുമുണ്ട്. അതുകൊണ്ട് മാറ്റത്തിനനുസരിച്ച് മാറാൻ തയാറാകുന്നവർ മാത്രം ബ്ലോഗ്ഗിങ്ങിൽ തുടരുന്നതാണ് ഉചിതം.

About SKN ACHARI

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.

Leave a Comment