എന്താണ് ശരിയായ പേഴ്‌സണൽ ബ്രാൻഡിംഗ്?

വളരെ തെറ്റായി വ്യാഖ്യാനിച്ച് കാണുന്നതും തെറ്റായി വിശ്വസിപ്പിച്ച് പ്രചരിപ്പിച്ചു പോരുന്നതുമായ ഒരു വിഷയമാണ് പേഴ്‌സണൽ ബ്രാൻഡിംഗ് എന്നത്.  കേൾക്കുമ്പോൾ വളരെ ചെറിയത് എന്ന് തോന്നാം പക്ഷെ വളരെ ആഴവും പരപ്പും ഉള്ള ഒരു വിഷയം തന്നെയാണിത്.

പ്രത്യേകിച്ച് പുതിയ കാലത്ത് ഡിജിറ്റൽ ലോകത്ത് വളരെ വലിയ മാറ്റം ഉണ്ടായപ്പോൾ മുൻപുണ്ടായിരുന്ന മാനദണ്ഢങ്ങൾ വച്ച് ഇപ്പോൾ  പേഴ്‌സണൽ ബ്രാൻഡിനെ വിലയിരുത്താൻ കഴിയുകയില്ല. പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിച്ച് പുതിയകാലത്തിന് അനുയോജ്യമായ ബ്രാൻഡ് തന്നെ വളർത്തിക്കൊണ്ട് വരേണ്ടതുണ്ട്. അല്ലെങ്കിൽ അതിനുവേണ്ടി മുടക്കുന്ന വിഭവങ്ങൾ എല്ലാം പാഴായിപ്പോയേക്കാം.

പൊതു ധാരണയും പിശകും

സാധാരണ മനസ്സിലാക്കിവെച്ചിരിക്കുന്നത് ഒരു വ്യക്തി മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായി പ്രസിദ്ധനാവുക. അതിനുവേണ്ടി ചെയ്യുന്ന കുറെയേറെ കാര്യങ്ങളുണ്ട്. അതായത് ഒരു ലോഗോയുണ്ടാക്കുക കൂടാതെ ഒരു വെബ്സൈറ്റ് നിർമ്മിക്കുക അല്ലെങ്കിൽ ചില ബാനറുകൾ ഇറക്കുക, സോഷ്യൽ മീഡിയയിൽ പ്രൊഫൈലുകളോ പേജുകളോ തുടങ്ങുക. ഇതിനെയാണ് പേഴ്‌സണൽ ബ്രാൻഡിംഗ് എന്ന് പലരും ധരിച്ചുവെച്ചിരിക്കുന്നത്.

എന്നാൽ ശരിക്കും അതല്ല പേഴ്‌സണൽ ബ്രാൻഡിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.

പുതിയകാലത്തെ നിർവ്വചനം

ഓരോ വ്യക്തിയും അവർ വ്യാപരിക്കുന്ന മേഖലയിൽ ഫലപ്രദമായി പ്രവർത്തിച്ച് അവരുടെ കൃത്യമായ സ്ഥാനം കണ്ടെത്തി വിശ്വാസ്യത ആർജ്ജിച്ച് നിലവിലുള്ള സ്ഥാനം നിലനിർത്തി പോരുകയോ അതിൽനിന്നും കുറച്ചുകൂടി ഉയത്തിലേക്ക് എത്തുകയോ ചെയ്യുന്ന ആ പ്രക്രിയയെ ആണ് ശരിക്കും പറഞ്ഞാൽ പുതിയകാലത്തെ പേഴ്‌സണൽ ബ്രാൻഡിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.

അവിടെ വിശ്വാസ്യതക്കാണ് ഏറ്റവും പ്രാധാന്യം. മറ്റുള്ള കാര്യങ്ങൾക്കൊക്കെ അതുകഴിഞ്ഞുള്ള പ്രാധാന്യം മാത്രമേയുള്ളു.

പ്രധാനമായും മനസിലാക്കിയിരിക്കേണ്ട ഒരു കാര്യം എന്തെന്നാൽ പ്രസിദ്ധരായ (Popular People) വ്യക്തികൾ എല്ലാവരും പേഴ്‌സണൽ  ബ്രാൻഡുകൾ അല്ലഎന്നതാണ്.

അതുപോലെ സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകൾ Follow ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് മാത്രം ഒരാൾ ഒരു പേർസണൽ ബ്രാൻഡ് ആകുന്നതുമില്ല.

അതുപോലെ Influencers എന്നതും Personal Brand എന്നതും പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പകരമായി ഉപയോഗിക്കാറുണ്ട് എന്നാൽ ഇത് രണ്ടും ഒന്നല്ല എന്നതാണ് വസ്തുത. എല്ലാ ഇൻഫ്ലുവൻസേഴ്സും (Influencers) ഒരു പേഴ്‌സണൽ ബ്രാൻഡ് അല്ല. എന്നാൽ എല്ലാ പേർസണൽ ബ്രാൻഡുകളും ഒരു മൈക്രോ ഇൻഫ്ലുവൻസർ (Micro- influencers) എങ്കിലും ആയിരിക്കും. കുറച്ച്പേരെയെങ്കിലും സ്വാധീനിക്കാൻ കഴിവുള്ളവരായിരിക്കും അവർ എന്നതാണ് കാരണം.

ആരാണ് മൈക്രോ ഇൻഫ്ലുവൻസർ (Micro- influencer) 

ചെറുതാണെങ്കിൽക്കൂടി ഏതെങ്കിലും ഒരു മേഖലയിൽ പ്രാവീണ്യം നേടുകയും ആ മേഖലയിലെ തങ്ങളുടെ പ്രവർത്തനംകൊണ്ട് മറ്റുള്ളവരുടെ ചിന്താഗതിയിലോ ജീവിതത്തിലോ മാറ്റമുണ്ടാക്കുകയും തുടർന്ന് അവരിൽ അത്രചെറുതല്ലാത്ത സ്വാധീനം ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുള്ളവരെയാണ് മൈക്രോ ഇൻഫ്ലുവൻസർ (Micro- influencer) എന്നുപറയുന്നത്.

പേഴ്‌സണൽ ബ്രാൻഡിംഗ് എളുപ്പമാണോ?

വളരെ വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതല്ല ശരിക്കുള്ള ഒരു പേഴ്‌സണൽ ബ്രാൻഡ് എന്നത് പലരും മനസിലാക്കുന്നില്ല.

മുകളിൽ സൂചിപ്പിച്ചതുപോലെ ഒരു പേരോ ലോഗോയോ അത് പ്രചരിപ്പിക്കാൻ ഒരു വെബ്സൈറ്റോ അല്ലെങ്കിൽ സോഷ്യമീഡിയ പേജോ ഉണ്ടെങ്കിൽ അതിൽക്കൂടി ഒരു പേഴ്‌സണൽ ബ്രാൻഡ് വളരെവേഗം വളർത്തിക്കൊണ്ടുവരാം എന്ന് ചിലരെങ്കിലും വിചാരിച്ചേക്കാം. എന്നാൽ അതൊക്കെ വളരെ തെറ്റായ ധാരണകൾ മാത്രമാണെന്ന് അതിലേക്ക് ഇറങ്ങുമ്പോൾ ഏവർക്കും മനസ്സിലാകും.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ഉണ്ടാക്കേണ്ടതല്ല പേഴ്‌സണൽ ബ്രാൻഡ് മറിച്ച് അത് ഉണ്ടായി വരേണ്ടതാണ്.

എന്നിരുന്നാലും ഒന്നും ചെയ്യാതിരുന്നാൽ സ്വതവേ പേഴ്‌സണൽ ബ്രാൻഡ് ഒന്നും ഉണ്ടായിവരില്ല എന്നുകൂടി ഓർക്കണം.

കൃത്യമായ പഠനവും മുന്നൊരുക്കവും നടത്തി തുടക്കമിട്ട് ചിട്ടയായ പ്രവർത്തനത്തിലൂടെ ഘട്ടം ഘട്ടമായി വളർത്തിക്കൊണ്ട് വരേണ്ടത് തന്നെയാണ് അത് എന്നത് തർക്കമറ്റ കാര്യമാണ്.

വളർന്നുവരുമ്പോൾ വേണ്ടിവന്നേക്കാവുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി അത് മുൻകൂട്ടി ചെയ്തുവെക്കുക എന്നതിലുപരിയായി തുടക്കത്തിൽ തിടുക്കം കൂട്ടിയിട്ടു കാര്യമില്ല.

ഇന്ന് നമ്മൾ ഒരു ബ്രാൻഡ് തുടങ്ങണം എന്ന് തീരുമാനിച്ച് മേൽ സൂചിപ്പിച്ചപോലെ ലോഗോയും സൈറ്റും ഒക്കെ നിർമ്മിച്ച ശേഷം കുറച്ച് കണ്ടൻറ് ഒക്കെ പോസ്റ്റ് ചെയ്തു കുറച്ച് പണം മുടക്കി പ്രചാരണവും നടത്തിയാൽ ഒന്നും പേഴ്‌സണൽ ബ്രാൻഡ് ഉണ്ടാക്കിയെടുക്കാൻ കഴിയില്ല.

പബ്ലിസിറ്റിയും പേഴ്‌സണൽ ബ്രാൻഡും

പബ്ലിസിറ്റി അല്ലേൽ Brand Awareness എന്നിവയെ ബ്രാൻഡിംഗ് ആയി പലരും  തെറ്റിദ്ധരിക്കാറുണ്ട്.

പബ്ലിസിറ്റി എന്നത് ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാവുന്നതാണ്. അതിന് ഏത് മാർഗ്ഗം തിരഞ്ഞെടുക്കണം എന്ന് അത് ചെയ്യുന്നവർക്ക് തീരുമാനിക്കാവുന്നതേ ഉള്ളൂ. രണ്ടാമത് പറഞ്ഞ Brand Awareness ബ്രാൻഡ് ഉണ്ടായ ശേഷം മാത്രം ചെയ്യേണ്ട കാര്യവുമാണ്. അതിനെ ബ്രാൻഡിംഗ് ആയി പരിഗണിക്കാൻ കഴിയുകയുമില്ല.

ഇവിടെ ഒരു തെറ്റിദ്ധാരണ വന്നേക്കാം വലിയ പരസ്യങ്ങളിലൂടെ അല്ലേ പുതുതായി തുടങ്ങുന്ന പല ബ്രാൻഡുകളും ആളുകളുടെ മനസ്സിൽ ഇടംപിടിക്കുന്നത് എന്ന്. അപ്പോൾ അതും ബ്രാൻഡിംഗ് അല്ലേയെന്ന് ചോദിച്ചേക്കാം.

അതുമായി ബന്ധപ്പെട്ട് രണ്ടുകാര്യങ്ങളാണ് ഇവിടെ പറയേണ്ടത്.

ഒരു സാധനം (Product) അല്ലേൽ സേവനം (Service ) ബ്രാൻഡ് ചെയ്യുന്നപോലെ അല്ല പേഴ്‌സണൽ ബ്രാൻഡിനെ വളർത്തിക്കൊണ്ട് വരേണ്ടത്.

ഇനി അധവാ അങ്ങനെ എടുത്താൽ പോലും പരസ്യങ്ങളിലൂടെ ആദ്യം തന്നെ കൂടുതൽ ശ്രദ്ധ ആകർഷിക്കാനും അതിലൂടെ കൂടുതൽ പ്രചാരം കിട്ടുകയും ചെയ്തേക്കാം. എന്നാൽ അത് നില നിൽക്കണമെങ്കിൽ മുൻപ് പറഞ്ഞപോലെ വിശ്വാസ്യത നിലനിർത്തേണ്ടത് അത്യന്താപേക്ഷികമാണ്.

അങ്ങനെ വിശ്വാസ്യത നിലനിർത്തിയെങ്കിൽ മാത്രമേ അതിനെ ശരിക്കും ഒരു ബ്രാൻഡ് എന്ന് പറയാൻ കഴിയു. നമ്മൾ എല്ലാത്തിനേയും ബ്രാൻഡ് എന്ന് പറയുന്ന ശീലം ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം വരുന്നത് തന്നെ. എന്നാൽ യാഥാർഥ്യം അതല്ല എന്നാണ് ഈവിടെ പറഞ്ഞുവെക്കുന്നത്.

ഈ സത്യം മനസ്സിലാകാതെ പേഴ്‌സണൽ ബ്രാൻഡ് നിർമ്മിക്കാൻ ഇറങ്ങുന്നതുകൊണ്ടാണ് പലർക്കും തുടക്കത്തിൽ തന്നെ മടുത്ത് നിരാശരായി എല്ലാം അവസാനിപ്പിക്കേണ്ടിവരുന്നത്.

എളുപ്പവഴി വല്ലതും ഉണ്ടോ?

ഓരോ വ്യക്തിയുടെയും പ്രവർത്തന മേഖലയും അവരുടെ ലക്ഷ്യവും ബ്രാൻഡിങ്ങിന് സ്വീകരിക്കേണ്ടിവരുന്ന മാർഗ്ഗവും അനുസരിച്ച് പേഴ്‌സണൽ ബ്രാൻഡിംഗ് തുടക്കം മുതൽ അവസാനം വരെ വ്യത്യാസപ്പെട്ടിരിക്കുംഎന്നതാണ് മറ്റൊരു കാര്യം.

അല്ലാതെ എല്ലാവരിലും ഒരുപോലെ പ്രയോഗിക്കാൻ പറ്റുന്നതും ഒരുപോലെ ഫലം കിട്ടുന്നതുമായ മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല എന്ന് നിസ്സംശയം പറയാം. ചില സങ്കേതങ്ങൾ എല്ലാത്തിലും പൊതുവായി ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്ന രീതി പോലും  വ്യക്തികൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

കാരണം ഓരോരുത്തരുടേയും കഴിവുകൾ വ്യത്യസ്തമായിരിക്കും സ്വഭാവം വ്യത്യസ്തമായിരിക്കും പ്രവർത്തന മേഖല പലതായിരക്കും.

അതുകൊണ്ട് തന്നെ പേഴ്‌സണൽ ബ്രാൻഡിംഗ് പഠിപ്പിക്കുന്നതും വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ പൊതുവായി വേണ്ടിവരുന്ന കാര്യങ്ങൾ ഓരോന്നായി പറഞ്ഞു തരുമ്പോഴും അത് വെത്യസ്തമായ രീതിയിൽ ആണ് ഉപയോഗിക്കേണ്ടതെന്നും അതിൻ്റെ ഫലം വ്യത്യസ്തമായിരിക്കും എന്നും ഏവരും ഓർക്കേണ്ടതുണ്ട്.

ബ്രാൻഡ് നിർമ്മാണം എപ്പോൾ തുടങ്ങണം? 

അതി പ്രധാനമായ കാര്യം എന്നത് ഏതൊരു പേർസണൽ ബ്രാൻഡ് നിമ്മിക്കുന്നതും ഒരു വ്യക്തിയുടെ കരിയർ (Career) ന്റെ തുടക്കത്തിൽ അല്ല. എന്നുവെച്ചാൽ പേഴ്‌സണൽ ബ്രാൻഡും കരിയറും കൂടി ഒരുമിച്ചല്ല തുടങ്ങേണ്ടത് എന്ന് സാരം.

എന്നാൽ പിന്നീട് തങ്ങൾ ബ്രാൻഡ് ചെയ്യപ്പെടാൻ താല്പര്യപ്പെടുന്നുണ്ടേൽ അതിനുവേണ്ട ചില മുന്നൊരുക്കങ്ങൾ നടത്തിവെക്കേണ്ടതായിട്ടുണ്ട്.

പിന്നീട് തങ്ങളുടെ പ്രവർത്തനമേഖലയിൽ വളരെ നിലവാരം പുലർത്തുന്ന പ്രവത്തനം കാഴ്ചവെക്കുക എന്നതാണ്. അവിടെയും പിന്നീട് ബ്രാൻഡ് വളർത്തിക്കൊണ്ടുവരുമ്പോൾ ഉപയോഗം വന്നേക്കാവുന്ന കാര്യങ്ങൾ നടപ്പാക്കുകയും വേണം. ചെയ്യുന്ന മേഖലയിൽ വിശ്വാസ്യതയും സ്വാധീനവും നേരായ മാർഗ്ഗത്തിലൂടെ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം.

പ്രവർത്തനമേഖലയിലെ അറിവും കഠിനാധ്വാനവും അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന ഫലവുമാണ് ആത്യന്തികമായി അപ്പോൾ ശ്രദ്ധിക്കേണ്ടത്. ആ ഘട്ടത്തിൽ മാർക്കറ്റിംഗ് അല്ലെങ്കിൽ പബ്ലിസിറ്റി എന്നതിന് ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ല. സാധാരണ ഭാഷയിൽ പറഞ്ഞാൽ ഒരു തള്ളിന്റെയും ആവശ്യമില്ല എന്ന് സാരം. മറിച്ച് real result ആണ് വേണ്ടത്. അവിടെ ആരെയും ബോധിപ്പിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്‌തിട്ടും പ്രത്യേകിച്ച്എ നേട്ടമൊന്നുമില്ല.

പേഴ്‌സണൽ ബ്രാൻഡിംഗ് എന്നത് ഡിജിറ്റൽ പ്രൊമോഷൻ കൊണ്ട് ഉണ്ടാക്കേണ്ടതാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടേൽ അവിടെ തുടങ്ങുകയാണ് തെറ്റിദ്ധാരണ.

ഓഫ്‌ലൈൻ പേഴ്‌സണൽ ബ്രാൻഡുകൾ (Offline Personal Brand)

ഡിജിറ്റൽ ലോകം ഇത്രയും വളരുന്നതിന് മുൻപും വളരെയധികം പേഴ്‌സണൽ ബ്രാൻഡുകൾ നമ്മുടെയൊക്കെ നാട്ടിൽ ഉണ്ടായിരുന്നു. എഴുത്തുകാരും ആർട്ടിസ്റ്റുകളും സാമൂഹിക പ്രവത്തകരും ഡോക്ടർ മാരും രാഷട്രീയക്കാരും അധ്യാപകരും ശില്പികളും എന്തിനേറെ മേസ്തിരിപ്പണിക്കാർ പോലും ഉണ്ടായിരുന്നു. ഇത്തരക്കാരൊന്നുംതന്നെ ഡിജിറ്റൽ മേഖലയിലെ പ്രവർത്തനത്തിലൂടെ ഒന്നുമല്ല വളർന്നുവന്നത്. വെബ് ലോകം വളർന്നശേഷവും വെബിൽ ഉള്ളതിലും അധികം ബ്രാൻഡുകൾ അതിനു പുറത്തുണ്ട് എന്ന് ചിന്തിക്കുക.

അപ്പോൾ ഇതൊന്നുമല്ല ബ്രാൻഡ് എന്നതിന്റെ മാനദണ്ഡം എന്ന് മനസ്സിലാകുന്നുണ്ടല്ലോ.

എന്നാൽ ഞാൻ കൂടുതൽ പഠിപ്പിക്കാനും ശ്രദ്ധകൊടുക്കാനും പോകുന്നത് ഡിജിറ്റൽ ലോകത്ത് വളർത്തിക്കൊണ്ട് വരാൻ പറ്റുന്ന പേഴ്‌സണൽ ബ്രാൻഡിനെ പറ്റിതന്നെയാണ്.

ബ്രാൻഡ് നിർമ്മാണം എപ്പോൾ തുടങ്ങണം? 

ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച ശേഷം മാത്രമേ തങ്ങളുടെ ബ്രാൻഡ് നിർമ്മിക്കാനും വളർത്താനും ഇറങ്ങാവു എന്ന് തന്നെയാണ് ഞാൻ പറഞ്ഞുവരുന്നത്. നമ്മുടെ മുൻകാല പ്രവത്തനങ്ങളും അതിലൂടെ ആർജ്ജിച്ചെടുത്ത വിശ്വാസവും ആണ് നിങ്ങൾ ഒരു ബ്രാൻഡ് നിർമ്മിക്കുമ്പോൾ ചൂണ്ടിക്കാണിക്കാനുള്ളത്.

എത്രപേരെ സ്വാധീനിക്കാൻ കഴിയുന്നു എത്ര പേർക്ക് സ്വീകാര്യനാകുന്നു എന്നത് ഓരോരുത്തരുടേയും പ്രവൃത്തിമേഖലക്ക് അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. പേഴ്‌സണൽ ബ്രാൻഡ് ആവുക എന്നതുകൊണ്ട് ഒരാൾ ഒരു സെലിബ്രിറ്റി ആകുന്നു എന്ന് അർത്ഥമില്ല. അതുപോലെ എല്ലാ സെലിബ്രിറ്റികളും ഒരു ബ്രാൻഡ് ആയി മാറുന്നുമില്ല.

അവിടെയാണ് ഞാൻ ആദ്യം സൂചിപ്പിച്ച കാര്യം വരുന്നത്. കാലം മാറിയപ്പോൾ പേഴ്‌സണൽ ബ്രാൻഡിന്റെ നിർവചനവും മാറിയിരിക്കുന്നു.

പഴയകാലത്ത് നമ്മളെ സ്വാധീനിക്കുന്ന ആൾക്കാർ വളരെക്കുറവായിരുന്നു. അവരിൽ ഒട്ടുമിക്ക ആൾക്കാരെയും വേണമെങ്കിൽ ബ്രാൻഡ് എന്ന് വിശേഷിപ്പിക്കാമായിരുന്നു.

ജനപ്രീതി, പ്രശസ്തി ഒരു മാനദണ്ഡമാണോ?

അക്കാലത്ത് പ്രശസ്‌തിക്ക് അല്ലേൽ ജനപ്രീതിക്ക്  (Popularity) പേഴ്‌സണൽ ബ്രാൻഡ് എന്നതിൽ കൂടുതൽ പ്രാധാന്യം ഉണ്ടായിരുന്നു. അതിന് കാരണം അന്ന് പ്രശസ്തരാകുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു.  അന്ന് പ്രസിദ്ധരാകണമെങ്കിൽ അവരവരുടെ മേഖലയിൽ കഠിനാധ്വാനം നടത്തി വിശ്വാസ്യത ആർജ്ജിച്ച് ചിലനേട്ടങ്ങൾ കൈവരിക്കണമായിരുന്നു. അതിന് നീണ്ട ഒരു കാലയളവ് തന്നെ വേണ്ടിവന്നിരുന്നു.

എന്നാൽ സ്ഥിതി ആകെ മാറിയിരിക്കുന്നു ഓരോ വീട്ടിലും സെലിബ്രിറ്റികൾ ഉള്ള കാലഘട്ടമാണ് ഇതെന്ന് ഓർക്കണം . പ്രതേകിച്ച്‌ ഷോർട്ട് (Shorts) അല്ലെങ്കിൽ റീലിസ് (Reels) വീഡിയോകളുടെ പ്രചാരം കൂടിയപ്പോൾ കൂടുതൽ ആൾക്കാർ വേഗം പ്രശസ്തരാകുന്നു വലിയ രീതിയിൽ സെലിബ്രിറ്റികൾ ആകുന്നു. എന്നാൽ ഇവരൊക്കെ നമ്മുടെ ജീവിതത്തെ അത്രയേറെ സ്വാധീനിക്കുന്നില്ല എന്നതും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.  അപ്പോൾ അതിനനുസരിച്ച് പേർസണൽ ബ്രാൻഡ് എന്നവാക്കിൻ്റെ നിർവചനവും മാറുന്നു.

ഇപ്പോൾ പേഴ്‌സണൽ ബ്രാൻഡിൽ പ്രശസ്തി (Popularity) എന്ന ഘടകത്തിന്റെ പ്രാധാന്യം നന്നേ കുറഞ്ഞു. പകരം വിശ്വാസ്യത എന്ന ഘടകത്തിന്റെ പ്രാധാന്യം മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു. അതിനുകാരണം കൂടുതൽ പ്രശസ്തർ ഉള്ളപ്പോൾ അതിൽ ഏറ്റവും വിശ്വാസ്യതയുള്ളവരാണ് ബ്രാൻഡ് ആയി മാറുന്നത്.  അതുകൊണ്ടാണ് ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞത് എല്ലാ സെലിബ്രിറ്റികളും ബ്രാൻഡുകൾ അല്ല എന്നത്.

വിനോദമേഖലയും പേഴ്‌സണൽ ബ്രാൻഡിങ്ങും 

വിനോദ മേഖലയെ (Entertainment) മാറ്റി നിർത്തിവേണം പേഴ്‌സണൽ ബ്രാൻഡിനെ വിലയിരുത്താൻ. കാരണം പേഴ്‌സണൽ ബ്രാൻഡിന്റെ പല മാനദണ്ഡങ്ങൾ എടുക്കുമ്പോഴും അതൊരു exception ആയിട്ടാണ് ആ മേഖലയിൽ കാണാറുള്ളത്.

ഡിജിറ്റൽ ലോകത്ത് നമ്മളെ സന്തോഷിപ്പിക്കുന്ന ആളുകൾ നമ്മളെ ഒരുപാട് സ്വാധീനിക്കണമെന്നില്ല. അവരെ നമുക്ക് നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യങ്ങൾ വരണമെന്നുപോലും ഇല്ല. അവരുടെ വാക്കുകൾ അല്ലേൽ പാട്ട് ഡാൻസ് അതുമല്ലേൽ അഭിനയം എന്നിവയിൽ ഏതെങ്കിലും ഒന്നാകും നിങ്ങളെ അത് കാണാൻ പ്രേരിപ്പിക്കുന്നത്. അതിൽ സന്തോഷം കണ്ടെത്തുന്നു എന്നതിലുപരി നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താനോ നിങ്ങളെ വലിയ രീതിയിൽ സ്വാധിനിക്കാനോ അവർക്ക് കഴിയണമെന്നില്ല.

ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ പലപ്പോഴും ലക്ഷക്കണക്കിന് അല്ലെങ്കിൽ മില്യൺ വ്യൂസ് വരുന്ന വിഡിയോകൾ നമ്മൾ കാണാറുണ്ട് അതുകണ്ട് നമ്മൾ ആസ്വദിക്കാറുമുണ്ട്.  എന്നാൽ ഇത്തരം വീഡിയോയിൽ കാണുന്ന ആളുടെ പേരോ ചാനലിന്റെ പേരോ പോലും പൂരിഭാഗം പേരും ഓർത്തു വെക്കാറില്ല എന്നുമാത്രമല്ല അതൊന്നും ശ്രദ്ധിക്കാറുകൂടി ഇല്ല എന്നതാണ് വാസ്തവം.

നമ്മുടെ ജീവിതത്തിൽ പിന്നീടാണെങ്കിലും ഏതെങ്കിലും തരത്തിൽ മാറ്റം ഉണ്ടാക്കാൻ പോകുന്ന കാര്യങ്ങളല്ല ഇവയൊക്കെ എന്നുള്ളതുകൊണ്ട് തന്നെയാണ് ഒരു ആസ്വാദകൻ എന്നതിലുപരി മറ്റൊരു രീതിയിലും അതിനെ നോക്കിക്കാണാത്തത്.

അതുകൊണ്ടാണ് അതിനെ ഒന്നും പേഴ്‌സണൽ ബ്രാൻഡ് ഗണത്തിൽ പെടുത്താൻ പോലും കഴിയാത്തത്. എന്നാൽ അവിടെയും ചില ഒറ്റപ്പെട്ട ബ്രാൻഡുകൾ വളർന്നുവരാറുണ്ട് എന്നതും പറയേണ്ടതുണ്ട്.

എന്നാൽ അത്തരത്തിൽ അല്ലാത്ത ചില ചെറിയ ചാനലുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും രീതിയിൽ ആവശ്യമുള്ളതോ പിന്നീട് ആവശ്യം വന്നേക്കാം എന്ന് തോന്നുന്നതോ ആയ കാര്യങ്ങൾ ആകും അതിൽ പറയുന്നത്. അവയിൽ കാഴ്ചക്കാരുടെ എണ്ണവും സബ്സ്ക്രൈബേഴ്സും വളരെ കുറവായിരിക്കും. എന്നിരുന്നാലും അതിൻ്റെ ഉള്ളടക്കം നമ്മൾ ശ്രദ്ധിക്കുകയും അത് ആരാണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും ചയ്യും.

കൂടാതെ ഇദ്ദേഹത്തെ ബന്ധപ്പെടാൻ മാർഗ്ഗം ഉണ്ടോ ഇദ്ദേഹം എന്തെങ്കിലും തരത്തിലുള്ള സേവനം നൽകുന്നുണ്ടോ ഉണ്ടെങ്കിൽ അതിൻ്റെ നിരക്ക് എങ്ങനെയാകും എന്നുവരെ നമ്മൾ ചിന്തിച്ചേക്കാം. വളരെ ചെറിയ ഒരു കമ്മ്യൂണിറ്റിയെ ആണ് അവർ ലക്ഷ്യംവെക്കുന്നത് എങ്കിലും കൂടി കാണുന്നവരുടെ ജീവിതത്തിൽ അല്ലേൽ ചിന്താഗതിയിൽ  മാറ്റമുണ്ടാക്കാൻ അവർക്ക് കഴിയുന്നുണ്ട്.

ഇത്തരക്കാരെയാണ് എല്ലാ അർത്ഥത്തിലും പേഴ്‌സണൽ ബ്രാൻഡുകൾ എന്ന് പറയാൻ കഴിയുന്നത്. ഇക്കാലത്ത് ഇത്തരത്തിലുള്ള പേഴ്‌സണൽ ബ്രാൻഡുകൾ വെറുതെ ഉണ്ടായി വരില്ല. ചിട്ടയായ പ്രവർത്തനത്തിലൂടെ അതെങ്ങനെ നിർമ്മിക്കാമെന്ന് തുടർന്നുള്ള ഭാഗങ്ങളിൽ വിവരിക്കുന്നതാണ്.

About SKN ACHARI

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.